തിരുവല്ല: വാഹനപ്രേമികൾ ഏറെ മോഹിക്കുന്ന ഫാൻസി നമ്പറാണ് 7777. ഈ നമ്പറിനായുള്ള ലേലം വിളികൾ പലപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ 7777 എന്ന ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്കാണ് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര സ്വന്തമാക്കിയത്. നടൻ പൃഥ്വിരാജ് സുകുമാരനും മുകളിൽ വാഹനം ലേലം വിളിച്ച് സ്വന്തമാക്കുകയായിരുന്നു തിരുവല്ലാക്കാരിയായ അഡ്വക്കേറ്റ് നിരഞ്ജന
തിരുവല്ല ആർടിഒയ്ക്ക് കീഴിലായിരുന്നു സിനിമയെ വെല്ലുന്ന ഈ ട്വിസ്റ്റ് ലേലം നടന്നത്. ഇനി ഈ നമ്പർ നിരഞ്ജനയുടെ ലാൻഡ്‌റോവർ ഡിഫെൻഡർ എച്ച്എസ്ഇയിൽ തിളങ്ങും.
സംസ്ഥാന ചരിത്രത്തിലെ ഫാൻസി നമ്പർ ലേലത്തിലെ ഏറ്റവും ഉയർന്ന തുകകളിൽ ഒന്നാണിത്. ഒരിക്കൽ ഏഴരലക്ഷം രൂപ മുടക്കി, കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് പൃഥ്വിരാജ് ഇഷ്ടനമ്പർ സ്വന്തമാക്കിയിരുന്നു. 1.78 കോടി രൂപയ്ക്കാണ് കാർപാതിയൻ ഗ്രേ കളർ ലാൻഡ്‌റോവർ ഡിഫെൻഡർ എച്ച്എസ്ഇ വാങ്ങിയത്.
ഇഷ്ട നമ്പർ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സർക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.
നടുവത്ര വീട്ടിൽ അനിൽകുമാർ-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എർത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെ ഡയറക്ടർ കൂടിയാണ്. ക്വാറി, ക്രഷർ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്.
Discussion about this post