കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പതിനൊന്ന് വർഷങ്ങൾക്കു ശേഷം ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മഹേഷ് നാരായണൻ മമ്മൂട്ടി ടീമിന്റെ ചിത്രം വരുന്നു എന്ന് വാർത്ത വന്നതുമുതൽ ചിത്രത്തിൽ കാമിയോ റോളിൽ സൂപ്പർ താരനിരയിൽ നിന്നും സുരേഷ് ഗോപി അടക്കമുളള താരങ്ങളുമെത്തുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാർത്ത സംവിധായകൻ മഹേഷ് നാരായണൻ തന്നെ സ്ഥിരീകരിച്ചതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തു.
ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംവിധായകന്‍ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയും മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫുമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ശ്രീലങ്കയിൽ 30 ദിവസം നീണ്ട ഷൂട്ടിങ് പ്ലാണാണ് നിലവിലുളളത്. ഒപ്പം കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണം നിശ്ചയിച്ചിട്ടുണ്ട്.
ബിഗ് ബജറ്റിൽ തയ്യാറെടുക്കുന്ന പ്രോജക്ടിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റിന്റെ ശ്രമം. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചു.
Discussion about this post