ആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് നടി നവ്യ നായരും കുടുംബവും. കഴിഞ്ഞ ദിവസം പട്ടണക്കാട് വച്ച് അപകടത്തിൽപ്പെട്ടയാൾക്കാണ് താരവും കുടുംബവും തുണയായത്. പട്ടണക്കാട് അഞ്ചാം വാർഡിലെ താമസക്കാരൻ ആയ രമേശൻ ആയിരുന്നു അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. ഓണാഘോഷങ്ങൾക്ക് ശേഷം മുതുകുളത്ത് നിന്നും കാറിൽ കൊച്ചിയിലേക്ക് പോകുകയായിരുന്നു നവ്യയും സംഘവും. അമ്മ വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ, പിതാവ് രാജു നാരായണൻ എന്നിവർ നവ്യയ്‌ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. രാഹുൽ ആയിരുന്നു കാർ ഓടിച്ചിരുന്നത്.
ദേശീയ പാതയിലൂടെ സൈക്കിളിൽ പോകുകയായിരുന്നു രമേശൻ. ഇതിനിടെ ഒരു ഹരിഹായ രജിസ്‌ട്രേഷനുള്ള ട്രെയിലർ രമേശനെ ഇടിച്ചിട്ട ശേഷം കടന്നു കളയുകയായിരുന്നു. നവ്യയും കുടുംബവും ഇതെല്ലാം കാണുന്നുണ്ടായിരുന്നു. നിലത്ത് വീണ രമേശനെ ആശുപത്രിയിൽ എത്തിക്കാതെ ലോറി അതിവേഗം പോയി. ഉടൻ തന്നെ രാഹുൽ കാറിന്റെ വേഗം കൂട്ടി ലോറി വളഞ്ഞു. ഇതിനൊപ്പം പോലീസ് കൺട്രോൾ റൂമിലും വിവരം അറിയിച്ചു. ഉടൻ പോലീസ് എത്തി രമേശനെ ആശുപത്രിയിൽ എത്തിക്കുകയും ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
എല്ലാവരും ചെയ്യേണ്ട കാര്യം മാത്രമാണ് താനും ചെയ്തതെന്നാണ് ഇതിനോട് നവ്യ നായരുടെ പ്രതികരണം. അപകടം കണ്ടാൽ പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും നടി കൂട്ടിച്ചേർത്തു.

