ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ കാണാനുള്ള യാത്രക്കിടെ തകർന്ന ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഎസ് കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയിലാണ് കോസ്റ്റ് ഗാർഡ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിനോടൊപ്പം സമുദ്രാന്തർപേടകത്തിന്റെ മദർ വെസലായ പോളാർ പ്രിൻസുമായുള്ള അവസാന സന്ദേശവും കോസ്റ്റ്ഗാർഡ് പുറത്ത് വിട്ടു. ‘ആൾ ഗുഡ് ഹിയർ’ (ഇവിടെ എല്ലാം ശുഭം) എന്ന സന്ദേശമായിരുന്നു അവസാന സന്ദേശം. കടലിനടിയിൽ നിന്നുള്ള പേടകത്തിന്റെ വാലറ്റത്തിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.
ടൈറ്റൻ പേടകത്തിന്റെ വാലറ്റത്തിൽ നിന്നുമാണ് ഇതിന്റെ തകർച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. 12500 അടി ആഴത്തിൽ നിന്നാണ് പേടകത്തിന്റെ വാലറ്റം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂണിലാണ് മണ്ണുമലയുമായി കൂട്ടിയിടിച്ച് തകർന്ന ടൈറ്റാനിക്ക് കപ്പൽ കാണാനായി യാത്രക്കാരുമായി പോയ ടൈറ്റൻ പേടകം തകർന്നത്. ഓഷ്യൻ ഗേറ്റ് സിഇഒ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷിനെ കൂടാതെ, ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ദി ടൈറ്റൻ സബ് ടിസാസ്റ്റർ എന്ന ബ്രിട്ടിഷ് ഡോക്യുമെന്ററി ചാനൽ തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ പര്യവേഷകരെ രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷകൾ നൽകിയ വൻ ശബ്ദം പുറത്ത് വന്നിരുന്നു.
ജൂൺ 18നായിരുന്നു ടൈറ്റൻ സമുദ്രാന്തർഭാഗത്തേക്കുള്ള യാത്ര ആരംഭിച്ചത്. എന്നാൽ ഒരു മണിക്കൂർ 45 മിനിറ്റ് കഴിഞ്ഞതോടെ മദർ വെസലായ പോളാർ പ്രിൻസുമായുള്ള ബന്ധം ടൈറ്റന് നഷ്ടമായി. പിന്നീട് നാല് ദിവസത്തിന് ശേഷമാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായത്.
വിവിധ രാജ്യങ്ങളിലെ സേനകൾ അടക്കം ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിനിടെ കേട്ട ശബ്ദം വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ പി 3 വിമാനമാണ് ശബ്ദതരംഗങ്ങൾ പിടിച്ചെടുത്തത്.
Discussion about this post