കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വർഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസിൽ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിക്കാനിരെക്കെയാണ് ജാമ്യം.
ഏഴര വർഷത്തിനിടെ 13 തവണയാണ് ജാമ്യത്തിനായി പൾസർ സുനി കോടതിയെ സമീപിച്ചത്. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് കഴിഞ്ഞ ജൂണിൽ ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചിരുന്നു.
ജാമ്യഹർജി നൽകി സഹായിക്കാൻ സുനിക്ക് പിന്നിൽ ആരോ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ കോടതി നടപടികൾക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ജാമ്യഹർജി പരിഗണിക്കവെ സുപ്രീം കോടതി നടത്തിയത്.
ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന സർക്കാർ വാദം കോടതി തള്ളി. പൾസർ സുനി ഏഴര വർഷമായി ജയിലിൽ കഴിയുകയാണെന്നും, വിചാരണ ഇനിയും നീണ്ടേക്കാമെന്നും നിരീക്ഷിച്ചാണ് ജാമ്യം നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം മാത്രമാണ് പൂർത്തിയായത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഉടൻ ആരംഭിക്കും. ശേഷം അന്തിമവാദം കേൾക്കാനിരിക്കെയാണ് പൾസർ സുനി ജയിൽ മോചിതനാകുന്നത്. വിചാരണ നീട്ടിക്കൊണ്ടു പോയതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു.
Discussion about this post