തിരുവനന്തപുരം: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സർക്കാർ, സ്വകാര്യ ആശുപത്രികൾ പ്രോട്ടോകോൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. എംപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കർശന പരിശോധനയുണ്ടാകും. ഇതിനുള്ള സജ്ജീകരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇന്നലെയാണ് മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന മലപ്പുറം ഒതായി സ്വദേശിയായ 38കാരനാണ് രോഗം കണ്ടെത്തിയത്. ചിക്കൻപോക്‌സിന് സമാനമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ത്വക്ക് രോഗവിഭാഗത്തിലാണ് ചികിത്സ തേടിയെത്തിയത്. സംശയം തോന്നിയ ഡോക്ടർ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും ഇയാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയുമായിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റി.
Discussion about this post