ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ട നിലയിൽ. യൂട്യൂബ് അക്കൗണ്ടിൻറെ പേര് മാറ്റി അമേരിക്കൻ കമ്പനിയായ റിപ്പിളിൻറെ പേരാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്. സുപ്രീം കോടതി നടപടികൾ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടിൽ ഇപ്പോൾ കാണാനില്ല. പകരം യുഎസ് ആസ്ഥാനമായുള്ള റിപ്പിളിൻറെ ക്രിപ്റ്റോ കറൻസി പ്രൊമോഷൻ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടിൽ ഹാക്കർമാർ പ്രദർശിപ്പിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ യൂട്യൂബ് ചാനലിൽ ഇപ്പോൾ എക്‌സ്ആർപി എന്ന ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. അമേരിക്കൻ കമ്പനിയായ റിപ്പിൾ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോ കറൻസിയാണ് എക്‌സ്ആർപി.
സുപ്രീം കോടതി നടപടികൾ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണിത്. സുപ്രധാന കേസുകളിൽ പലതിൻറേയും വീഡിയോകൾ ഈ ചാനലിലൂടെ പൊതുജനങ്ങൾക്കായി പങ്കുവെച്ചിരുന്നു. ഈയടുത്ത് ആർജി കർ മെഡിക്കൽ കോളേജിലെ വനിത ഡോക്ടർ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൻറെ വാദം ഈ ചാനലിൽ സ്ട്രീമിംഗ് ചെയ്തിരുന്നു. ചാനലിലെ കോടതി വീഡിയോകൾ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിയുടെ നിയന്ത്രണത്തിലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായ സൈബർ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

