തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം ഫെയ്സ്ബുക്കിൽനിന്ന് മാറ്റി പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമായിരുന്നു അൻവറിൻ്റെ സാമൂഹികമാധ്യമത്തിലെ കവർചിത്രം. എന്നാൽ, ഈ ചിത്രം ഒഴിവാക്കി ഇപ്പോൾ ജനങ്ങളോടൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് ശനിയാഴ്ച തന്നെ അൻവർ വ്യക്തമാക്കിയിരുന്നു. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും, പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു.
പി.ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു തരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, മാതൃകാപരമായ പ്രവർത്തനമാണു ശശി നടത്തുന്നതെന്നും വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറഞ്ഞ മുഖ്യമന്ത്രി, അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നൽകി. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിൽ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അൻവറിൻ്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. ഇതോടെ, പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ പി.വി.അൻവർ വ്യക്തമാക്കിയിരുന്നു.
Discussion about this post