പിറവം: പിറവത്ത് ഓണക്കൂറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാവ് മരിച്ചു. തിരുമാറാടി കാക്കൂർ കള്ളാട്ടുകുഴി ജങ്ഷനു സമീപം മുകളേൽ എം.എം. അനിലിന്റെ മകൻ അതുൽ അനി (22) യാണ് പിറന്നാൾ ദിനത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വത്സ (49) യ്ക്കും എതിരേ വന്നിടിച്ച ബൈക്കിലുണ്ടായിരുന്ന കക്കാട് ചെറുകരയിൽ ഷാജു (62), മാന്തടത്തിൽ രാജു (64) എന്നിവർക്കും പരിക്കുണ്ട്.
അഞ്ചൽപ്പെട്ടി – പിറവം റോഡിൽ ഓണക്കൂർ പള്ളിപ്പടിയിൽ ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് അപകടം. എറണാകുളത്ത് ജർമൻ ഭാഷ പഠിക്കുന്ന അതുൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിറവത്ത് പിറന്നാൾ കേക്കുംവാങ്ങി കാത്തുനിന്ന അമ്മ വത്സയെയും കൂട്ടി വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. അഞ്ചൽപ്പെട്ടി ഭാഗത്തുനിന്ന് എതിരേ വരുകയായിരുന്ന ബൈക്ക് പള്ളിപ്പടിയിൽ കക്കാട് റോഡിലേക്ക് തിരിക്കുന്നതിനിടയിൽ ഇവരുടെ ബൈക്കുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുലിനെ ഉടൻ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈക്ക് ഒടിവും പൊട്ടലുമുള്ള വത്സയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും ഷാജുവിനെയും രാജുവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ബി.കോം പഠനശേഷം ജർമനിക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അതുൽ. വത്സ പിറവം ലക്ഷ്മി ആശുപത്രിയിൽ നഴ്സാണ്. സഹോദരി : അവന്തിക (പ്ലസ്ടു വിദ്യാർഥിനി).

