മുംബൈ: 97ാമത് ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ലാപത ലേഡീസ്’ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് പ്രഖ്യാപനം നടത്തിയത്. കിരൺ റാവു സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാണം ആമിർ ഖാനും കിരൺ റാവുവും ജ്യോതി ദേശ്പാണ്ഡെയും ചേർന്നാണ്.
2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മലയാളം സിനിമ ആട്ടം, ബോളിവുഡ് ചിത്രം ആനിമലടക്കം അവസാന പട്ടികയിലുണ്ടായിരുന്നു.
വിവാഹിതരായ രണ്ട് സ്ത്രീകൾ ഭർത്താക്കൻമാരുടെ വീടുകളിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പരസ്പരം മാറിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.വടക്കേ ഇന്ത്യയിലെ സാങ്കൽപിക ഗ്രാമമായ നിർമൽ പ്രദേശിൽ 2001ൽ നടക്കുന്ന കഥയെന്ന രീതിയിലാണ് ചിത്രം തുടങ്ങുന്നത്.
മാർച്ച് ഒന്നിന് തിയേറ്ററിൽ എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു. എന്നാൽ ഒടി.ടിയിൽ എത്തിയതോടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രവികൃഷൻ പ്രതിഭാരത്‌ന തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

