ന്യൂഡൽഹി: പോലീസുകാർ ഉൾപ്പെടെയുള്ള ടിക്കറ്റില്ലാത്ത യാത്രക്കാരെ പരിശോധിക്കുന്നതിനായി ഉത്സവ സീസണുകളിൽ പ്രത്യേക ടിക്കറ്റ് ചെക്കിംഗ് ഡ്രൈവ് ആരംഭിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
ഒക്‌ടോബർ 1 മുതൽ 15 വരെയും ഒക്ടോബർ 25 മുതൽ നവംബർ 10 വരെയും ടിക്കറ്റില്ലാത്തവരും അനധികൃത യാത്രികരുമായവർക്കെതിരെ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിക്കാനും 1989-ലെ റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് മന്ത്രാലയം സെപ്റ്റംബർ 20 ന് 17 സോണുകളിലെ ജനറൽ മാനേജർമാർക്ക് കത്തയച്ചു.
വിവിധ റെയിൽ ഡിവിഷനുകളിൽ നടക്കുന്ന റെഗുലർ ഡ്രൈവിൻ്റെ ഭാഗമായ റെയിൽവേ കൊമേഴ്‌സ്യൽ ഓഫീസർമാർ പറയുന്നത് സാധാരണക്കാർക്കൊപ്പം, ഉത്സവ തിരക്കിനിടയിൽ പോലീസുകാരും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാറുണ്ട് എന്നാണ്.
ഗാസിയാബാദിനും കാൺപൂരിനും ഇടയിൽ ഞങ്ങൾ അടുത്തിടെ നടത്തിയ സർപ്രൈസ് ചെക്കിൽ, വിവിധ എക്‌സ്‌പ്രസ്, മെയിൽ ട്രെയിനുകളുടെ എസി കോച്ചുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന നൂറുകണക്കിന് പോലീസുകാരെ ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ അവർക്ക് പിഴ ചുമത്തിയപ്പോൾ, ആദ്യം അവർ പണം നൽകാൻ വിസമ്മതിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു” എന്നാണ് ഇതെക്കുറിച്ച് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞത്.
സാധുവായ ടിക്കറ്റുകളുള്ള യാത്രക്കാർക്ക് ശല്യം സൃഷ്ടിക്കുന്നതിനാൽ പോലീസുകാരിലും മറ്റ് അനധികൃത യാത്രക്കാരിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേ സോണിലെ ടിക്കറ്റ് ചെക്കിംഗ് ഉദ്യോഗസ്ഥർ പറഞ്ഞു.
