കോട്ടയം: കഴിഞ്ഞ ദിവസം കുമരകത്തുണ്ടായ കാർ അപകടം ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചത് കൊണ്ടാണെന്നാണ് പുറത്ത് വരുന്ന വിവരം. കാർ പുഴയിൽ വീണ് 2 പേരാണ് മരിച്ചത്.
മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്ര സ്വദേശിനിയായ സയ്ലി രാജേന്ദ്ര സർജെ(27) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കും.
ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശം പരിജയമില്ലാത്തവർ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ആർപ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെയാണ് നാട്ടുകാരുടെ ആരോപണം. ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും രാത്രിയായാൽ അപകടങ്ങൾ പതിവാണെന്നുമാണ് നാട്ടുകാർ പറയുന്നത്.
ഹൗസ്ബോട്ടുകൾ സഞ്ചരിക്കുന്ന ഏറെ ആഴമുള്ള ആറ്റിലേക്കാണ് കാർ മുങ്ങിത്താഴ്ന്നത്. മഴയും പ്രദേശത്തെ ഇരുട്ടും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. അരമണിക്കൂറിലേറെയുള്ള പ്രയത്നത്തിനൊടുവിലാണ് കാർ ആറ്റിൽനിന്ന് ഉയർത്തിയത്. കാറിൽ കണ്ടെത്തിയ രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനാ സ്‌കൂബാ ടീമംഗങ്ങളും വടം ഉപയോഗിച്ച് കെട്ടിവലിച്ചാണ് കാർ കരക്കെത്തിച്ചത്.
Discussion about this post