പാലക്കാട്: വന്ദേ ഭാരത് ട്രെയിനുകൾ നിർമിച്ചു നൽകിയ മികവിൽ പൊതുമേഖലാ സ്ഥാപനമായ പാലക്കാട് കഞ്ചിക്കോട്ടെ ബെമൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ബുള്ളറ്റ് ട്രെയിൻ നിർമിക്കുന്നു. രാജ്യത്താദ്യമായി ബുള്ളെറ്റ് ട്രെയിൻ യാത്രക്കായി തയാറാക്കിയ മുംബൈ–-അഹമ്മദാബാദ് ഹൈസ്‌പീഡ് പാതയ്‌ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിനാണ് ബെമൽ നിർമിക്കുക.
വിദേശ രാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ വൻവില നൽകി ഇറക്കുമതി ചെയ്യാനുള്ള ആദ്യ തീരുമാനം ബെമലിന്റെ ടെൻഡർ പരിശോധിച്ച കേന്ദ്രസർക്കാർ പുനഃപരിശോധിക്കുകയായിരുന്നു . വിദേശകമ്പനികൾ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകുതിവിലയ്‌ക്ക് മികച്ച നിലവാരത്തിൽ നിർമിച്ചുനൽകിയതും കണക്കിലെടുത്താണ് ബെമലിനെ പരിഗണിച്ചത്.
മണിക്കൂറിൽ 250 KM മുതൽ 280 KM വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള എട്ട് കോച്ചുള്ള രണ്ട് ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കാനാണ് കരാർ. 2026-ൽ നിർമാണം പൂർത്തിയാക്കും. ഒരു ബുള്ളറ്റ് ട്രെയിനിന് ഏകദേശം 200 മുതൽ 250 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബെമലിന് പാലക്കാടിനു പുറമെ മൈസൂർ, കോലാർ ഖനി, ബംഗളൂരു എന്നിവിടങ്ങളിൽ നിർമാണ യൂണിറ്റുണ്ട്. 1964-ൽ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ച ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് പ്രതിരോധ വാഹനങ്ങൾ, റെയിൽവേ കോച്ചുകൾ മെട്രോ കോച്ചുകൾ, വന്ദേഭാരത് സ്ലിപ്പർ കോച്ചുകൾ, മൈനിങ് ആൻഡ് കൺസ്ട്രക്ഷൻ വാഹനങ്ങൾ എന്നിവയാണ് നിർമിക്കുന്നത്.
വന്ദേ ഭാരത് മാത്രമല്ല, ഏകദേശം 20,000 പാസഞ്ചർ കോച്ചുകൾ ബെമലിന്റെ ഫാക്ടറികളിലൂടെ ഇതിനോടകം റെയിൽവേയ്ക്ക് നിർമിച്ചുനൽകിയിട്ടുണ്ട്. 2023-24 സാമ്പത്തികവർഷം 4,054 കോടി വിറ്റുവരവും 283 കോടി ലാഭവും നേടി.

