സൂറത്ത്: ഗുജറാത്തിൽ റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമം നടന്ന സംഭവത്തിൽ 3 റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ട്രാക്ക്മാൻമാരായ സുഭാഷ് പോദാർ, മനിഷ്‌കുമാർ സർദേവ് മിസ്ട്രി, കരാർ ജീവനക്കാരനായ ശുഭം ജയ്‌സ്വാൾ എന്നിവരാണ് അറസ്റ്റിലായത്. അട്ടിമറി സംഭവം റെയിൽവേ അധികൃതരെ അറിയിച്ചവർ തന്നെയാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അട്ടിമറി സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ പ്രമോഷൻ ലഭിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രശസ്തി നേടാമെന്നും കരുതിയാണ് സംഘം ഇതിനു ശ്രമിച്ചതെന്നാണ് മൊഴി. 71 ബോൾട്ടുകൾ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകൾ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. സെപ്തംബർ 21ന് പുലർച്ചെയാണ് സുഭാഷ് പോദാർ റെയിൽ അട്ടിമറി ശ്രമം അധികൃതരെ അറിയിച്ചത്. ട്രാക്കിലെ ലോക്കുകൾ അഴിച്ചനിലയിലാണെന്നും രണ്ട് പാളങ്ങളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകൾ എടുത്തുമാറ്റിയ നിലയിലാണെന്നുമാണ് സുഭാഷ് അറിയിച്ചത്.
ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. അട്ടിമറി ശ്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനു മുൻപ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാർ ട്രാക്കിൽ ഒന്നും കണ്ടില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതോടെ എൻഐഎയും പൊലീസും സുഭാഷ് പോദാറിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.
സംഭവം റിപ്പോർട്ട് ചെയ്യുന്നതിനു 25 മിനിറ്റ് മുൻപാണ് ഡൽഹി-രാജധാനി എക്സ്പ്രസ് കടന്നുപോയത്. ഫിഷ് പ്ലേറ്റുകൾ എടുത്തുമാറ്റാൻ എല്ലാവർക്കും സാധിക്കില്ല. പരിചയസമ്പന്നരായ ആൾക്കാർക്കു കൃത്യമായ ഉപകരണം ഉപയോഗിച്ചാൽ തന്നെ കുറഞ്ഞത് 25 മിനിറ്റോളമെടുക്കും. ഇതോടെയാണ് സംഭവസ്ഥലത്തുള്ളവർ തന്നെയാണ് കൃത്യം ചെയ്തതെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.
Discussion about this post