ന്യൂഡൽഹി: പീഡനപരാതിയിൽ നടൻ സിദ്ദിഖിനായി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹത്ഗി ഹാജരായേക്കും. മുഗുൾ റോഹത്ഗിയുമായി സിദ്ദിഖിൻ്റെ അഭിഭാഷകർ ചർച്ച നടത്തി. മുൻകൂർ ജാമ്യം നിഷേധിച്ചുള്ള വിധിയുടെ പകർപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ചർച്ച. നാളെയോ മറ്റന്നാളോ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും.
ഗുജറാത്ത് കലാപം, ആര്യൻ ഖാൻ കേസ്, വിജയ് മല്യ കേസ് തുടങ്ങി പ്രമാദമായ പല കേസുകളും വാദിച്ച അഭിഭാഷകനാണ് മുഗുൾ റോഹത്ഗി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി ഹാജരായതും മുഗുൾ റോഹത്ഗിയായിരുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടർന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഇന്നലെ വിധി പറയുകയായിരുന്നു.
രൂക്ഷ വിമർശനമാണ് സിദ്ദീഖിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തിൽ സ്ത്രീ ബഹുമാനം അർഹിക്കുന്നുവെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിശബ്ദതയിൽ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്.
സിദ്ദിഖ് സാക്ഷിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരായ സിദ്ദിഖിന്റെ വാദങ്ങളും കോടതി തള്ളി. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയെ ആക്രമിക്കുന്നത് നിശബ്ദയാക്കാനുള്ള ശ്രമം. പരാതിക്കാരിയുടെ സ്വഭാവത്തെ സംശയിക്കാനാകില്ല. ലൈംഗികാതിക്രമത്തിന് ഇരയായി എന്നതുകൊണ്ട് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത് എന്നും കോടതി ചൂണ്ടികാട്ടി.
2016 ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവ നടി മൊഴി നൽകിയിരുന്നു. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകിയിരുന്നു. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.
Discussion about this post