ചെന്നൈ: നടൻ ജയം രവിയുടെ വിവാഹമോചനം വലിയ വാർത്തയായിരുന്നു. താൻ ഭാര്യ ആരതിയുമായുള്ള 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് ‘എക്‌സി’ൽ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്. എന്നാൽ ഇതിനുപിന്നാലെ വിവാഹമോചന വാർത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന വ്യക്തമാക്കി ആരതിയും രംഗത്ത് വരികയും ചെയ്തു.
കഴിഞ്ഞ 18 വർഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതുകയുണ്ടായി. വളരെ നാളുകളായി ഇരുവരും തമ്മിൽ അകന്നു കഴിയുകയായിരുന്നു.
ഇപ്പോഴിതാ ആരതിയിൽനിന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ആക്സസ് വീണ്ടെടുത്തിരിക്കുകയാണ് ജയം രവി. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നു നടൻ നീക്കം ചെയ്തു. ചെന്നൈയിലെ അഡയാർ പൊലീസ് സ്റ്റേഷനിൽ ആരതിക്കെതിരെ ജയം രവി പരാതി നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
വീട്ടിൽനിന്നു തന്നെ പുറത്താക്കിയതായി അദ്ദേഹം ആരോപിക്കുന്നു. ഇ.സി.ആർ. റോഡിലെ ആർതിയുടെ വസതിയിൽനിന്ന് തന്റെ സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയിൽ പൊലീസിനോട് അഭ്യർഥിച്ചു.
അതേസമയം, വൈകാതെ തന്നെ ആരതിക്കെതിരെ തന്റെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിമയപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പത്തല്ല, ഇരുപത് വർഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

