ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ഡയറി കണ്ടെത്തി. ബിഹാർ സ്വദേശിനി മഹാലക്ഷ്മിയടെ ശരീരം 59 കഷണങ്ങളാക്കി മുറിച്ചെന്നും ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി മുക്തിരഞ്ജൻ റായ് ഡയറിയിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സംഭവങ്ങളെ കുറിച്ച് സഹോദരനോട് പറഞ്ഞതായും പ്രതി ഡയറിയിൽ കുറിച്ചിട്ടുണ്ട്.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും എത്രയും പെട്ടെന്ന് ഒഴിയണമെന്നും ഫോണിലൂടെ സംസാരിക്കാൻ കഴിയാത്ത ചില വിഷയങ്ങളുണ്ടെന്ന് പറഞ്ഞതായും സഹോദരൻ പൊലീസിനോട് പറഞ്ഞു. കൊലപാകത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞെന്നും സഹോദരൻ പറഞ്ഞു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രതി ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയതോടെ പൊലീസ് അവിടേക്ക് തിരിച്ചെങ്കിലും പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട മഹാലക്ഷ്മിയും പ്രതി റായിയും തമ്മിൽ പ്രണയത്തിലായിരുന്നു. യുവതി തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് റായിയെ സമീപിച്ചിരുന്നു. നിരന്തരം യുവതി ഇതേ ആവശ്യമുന്നയിച്ചതിൽ പ്രകോപിതനായാണ് റായ് കൊലപാതകത്തിന് മുതിർന്നതെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരുവിലെ വ്യാളികാവലിലെ അപ്പാർട്ട്‌മെന്റിലെ ഒറ്റമുറിയിലെ ഫ്രിഡ്ജിൽ നിന്നുമാണ് മഹാലക്ഷ്മിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബിഹാർ സ്വദേശിനിയായ മഹാലക്ഷ്മി ജോലിക്കായാണ് ബെംഗളൂരുവിൽ താമസമാക്കിയത്. മഹാലക്ഷ്മിയുടെ ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ യുവതിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ അമ്മയും സഹോദരിയും സമീപവാസികളുടെ നിർദേശപ്രകാരം മഹാലക്ഷ്മിയുടെ മുറിയിലെത്തിയപ്പോൾ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
അകത്ത് കയറിനോക്കിയപ്പോഴാണ് ഫ്രിഡ്ജിന് സമീപത്ത് രക്തക്കറകളും ഈച്ചകളെയും കാണുന്നത്. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം നിരവധി കഷണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയത്.മുറിച്ചുമാറ്റപ്പെട്ട കാലുകൾ സിംഗിൾ ഡോർ ഫ്രിഡ്ജിന്റെ മുകൾ തട്ടിലായായിരുന്നു സൂക്ഷിച്ചിരുന്നത്. മറ്റു ഭാഗങ്ങൾ താഴെയും സൂക്ഷിച്ചിരുന്നു. മൃതദേഹം കണ്ടെടുക്കുന്ന സമയത്ത് ചുരുങ്ങിയത് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
Discussion about this post