പാലക്കാട്: വണ്ടാഴിയിൽ മദ്യം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ അവശനിലയിലായി. മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം നടന്നത്. റോഡരികിൽ അവശനിലയിൽ കിടക്കുകയായിരുന്നു കുട്ടികൾ. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസ് ഉടൻ തന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും രണ്ട് വിദ്യാർത്ഥികളുടെ ബോധം തെളിഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരു വിദ്യാർത്ഥിയുടെ ബോധം തെളിഞ്ഞത്. മൂന്ന് പേരുടെയും വയർ കഴുകി. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് ഏഴ് വിദ്യാർത്ഥികൾ ചേർന്ന് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. മംഗലം ഡാം പൊലീസും ആലത്തൂർ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചു വരുത്തി. ബോധവത്കരണവും താക്കീതും നൽകി വിട്ടയച്ചു
Discussion about this post