ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തിന് സമർപ്പിച്ചു. ഇന്നത്തെ ഇന്ത്യ സാധ്യതകളുടെ അനന്തമായ ആകാശത്ത് പുതിയ അവസരങ്ങൾ നേടിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
130 കോടി രൂപ ചെലവിലാണ് മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ ഇന്ത്യ വികസിപ്പിച്ചെടുത്തത്. ശാസ്ത്ര ഗവേഷണം സുഗമമാക്കുന്നതിന് ഇവ പൂനെ, ഡൽഹി, കൊൽക്കത്ത എന്നിവടങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്ന് വീഡിയോ കോൺഫറൻസിൽ ശാസ്ത്രജ്ഞരെയും ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരെയും അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥാ, കാലാവസ്ഥാ ഗവേഷണം എന്നിവയ്ക്ക് അനുയോജ്യമായ ഉയർന്ന പ്രവർത്തനക്ഷമതയുള്ള കംപ്യൂട്ടിംഗ് സംവിധാനവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 850 കോടി ചെലവിലാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
‘‘സാങ്കേതികവിദ്യയെയും കംപ്യൂട്ടിംഗ് സംവിധാനത്തെയും ആശ്രയിക്കാത്ത ഒരു മേഖലയുമില്ല. ഈ വിപ്ലവത്തിൽ നമ്മുടെ വിഹിതം ബിറ്റുകളിലും ബൈറ്റുകളിലും മാത്രമായി ഒതുങ്ങരുത്. മറിച്ച് ടെറാബൈറ്റുകളിലും പെറ്റാബൈറ്റുകളിലേക്കും കൂടി വ്യാപിപ്പിക്കണം. അതിനാൽ നമ്മൾ ശരിയായ ദിശയിലും ശരിയായ വേഗത്തിലുമാണ് നീങ്ങുന്നതെന്ന് ഈ നേട്ടം തെളിയിക്കുന്നു,’’ അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തിന്റെ പ്രധാന്യം കണ്ടുപിടിത്തത്തിലും വികസനത്തിലും മാത്രമല്ല ഓരോ പൗരന്റെയും ആഗ്രഹങ്ങൾ നിറവേറ്റുന്നതിലും കൂടിയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

