ഝാൻസി: തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഝാൻസിയിലുള്ള സർക്കാർ ലാബോറട്ടറിയിലേക്കാണ് പ്രസാദം പരിശോധനയ്ക്കയച്ചത്. രാം മന്ദിറിൽ പ്രസാദമായി നൽകുന്ന ഏലവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ഒരു ഭക്തൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ സംയോജിത പരാതി പരിഹാര സംവിധാനത്തിലാണ് പരാതി ലഭിച്ചത്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസാദം തയാറാക്കുന്ന ഹൈദർഗഞ്ച് എന്ന പ്രദേശത്ത് നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചു. ഝാൻസിയിലെ സർക്കാർ ലാബിലേക്ക് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി അസിസ്റ്റന്റ് കമ്മീഷണർ (ഫുഡ്) മണിക് ചന്ദ്ര സിങ് സ്ഥിരീകരിച്ചു. പ്രതിദിനം 80,000 പാക്കറ്റോളം പ്രസാദമാണ് ക്ഷേത്രം വിതരണം ചെയ്യുന്നത്.
നേരത്തെ, ക്ഷേത്രങ്ങളിലെ പ്രസാദ നിർമ്മാണം പുറത്ത് കരാർ കൊടുക്കുന്നത് പൂർണമായി നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു. പൂജാരിമാരുടെ മേൽനോട്ടത്തിൽ മാത്രമേ പ്രസാദം നിർമ്മിക്കാൻ പാടുള്ളൂ. അങ്ങനെ നിർമ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമർപ്പിക്കാൻ പാടുള്ളൂവെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
Discussion about this post