കോഴിക്കോട്: പിവി അൻവറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കി അഡ്മിൻ കെഎസ് സലിത്ത്. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതിൽ നല്ല മാനസികസംഘർഷമുണ്ടെന്നും പാർട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് ഫേസ്ബുക്കിൽ കുറിച്ചു. അൻവറിന്റെ രാഷ്ട്രീയ വളർച്ചയിൽ നിർണായക സ്വാധീനം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ ഇടപെടലിന് ഉണ്ടായിരുന്നു.
അൻവർ നേരിട്ടാണോ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇടപെടലുകൾ. തന്റെ അഭിപ്രായങ്ങളും അമർഷങ്ങളുമെല്ലാം പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമായി ഫേസ്ബുക്ക് പേജ് അദ്ദേഹം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഈ പേജിന്റെ അഡ്മിനാണ് ഇപ്പോൾ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പുറത്ത് പോകുന്നത്.
ഇത് ഇവിടെ പറയാതിരിക്കാം. നിശബ്ദനായിരിക്കാം. പക്ഷേ, ഈ വ്യക്തിബന്ധത്തെയും സ്വാധീനിച്ചത് എല്ലാത്തിലുമുപരി സമാന ചിന്താഗതിയായിരുന്നു. ഇന്ന് അത് ഉണ്ടെന്ന് എനിക്ക് എന്റെ ബോധ്യത്തിൽ തോന്നുന്നില്ല – സലിത്ത് വ്യക്തമാക്കി. ഒരുപാട് കഷ്ടപ്പെട്ട് നമ്മൾ കൂടി വളർത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതിൽ നല്ല മാനസികസംഘർഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പ്
ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും, രാഷ്ട്രീയനിലപാടുകളും ഉണ്ട്. അങ്ങനെ ഒരേ നിലപാടുള്ള കാലത്ത്,ആശയപരമായും മാനസികമായും പലരോടും നമ്മൾ ഐക്യപ്പെട്ടെന്നിരിക്കും. അതേ ചെയ്തിട്ടുള്ളൂ എന്ന ബോധ്യം എനിക്കുണ്ട്. അവർക്കൊപ്പം നിന്ന് പറഞ്ഞതൊക്കെയും എന്റെ കൂടി രാഷ്ട്രീയബോധ്യങ്ങളാണ്. ആ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു സ്ക്രീനിംഗുമില്ലാതെ വേദി തന്നു എന്നത് പറയാതിരിക്കാൻ പറ്റില്ല. എന്റെ ബോധ്യങ്ങളിൽ അന്നും ഇന്നും അണുവിട മാറ്റമില്ല. ഇത് ഇവിടെ പറയാതിരിക്കാം. നിശബ്ദനായിരിക്കാം. പക്ഷേ, ഈ വ്യക്തിബന്ധത്തെയും സ്വാധീനിച്ചത് എല്ലാത്തിലുമുപരി സമാന ചിന്താഗതിയായിരുന്നു. ഇന്ന് അത് ഉണ്ടെന്ന് എനിക്ക് എന്റെ ബോധ്യത്തിൽ തോന്നുന്നില്ല. ഒരുപാട് കഷ്ടപ്പെട്ട് നമ്മൾ കൂടി വളർത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതിൽ നല്ല മാനസികസംഘർഷമുണ്ട്.മറ്റാർക്കും ഊഹിക്കാൻ കഴിയുന്നതിലും അപ്പുറം.പാർട്ടിക്കൊപ്പമാണ്..പാർട്ടിക്കൊപ്പം മാത്രമാണ് – സലിത്ത് കുറിച്ചു.
നീതീകരിക്കാൻ കഴിയുന്ന എന്തെകിലും എലമെന്റ്സ് ബാക്കി ഉണ്ടായിരുന്നെങ്കിൽ,അതിന്റെ എല്ലാം മെറിറ്റും കൂടി ഇന്നത്തോടെ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും സലിത്ത് പങ്കുവച്ചിട്ടുണ്ട്. ഒരിക്കലും ഒരാൾ എന്തൊക്കെ പറയാൻ പാടില്ല എന്നതിന്റെ ജീവിച്ചിരിക്കുന്ന സ്പെസിമെൻ എന്നും സലിത് കൂട്ടിച്ചേർത്തു.
കോഴിക്കോട്ടെ ഒരു വിഭാഗം സിപിഎം പ്രവർത്തകരാണ് കടന്നൽ കൂട്ടമെന്ന പേരിൽ അൻവറിന് പിന്നിൽ അണിനിരന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഏഷ്യാനെറ്റിനെയും, മറുനാടൻ മലയാളിയെയും ആക്രമിക്കാനും നേതൃത്വം നൽകിയത് ഈ വിഭാഗമായിരുന്നു. സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. അതേസമയം സിപിഎം ഔദ്യോഗി വിഭാഗം അൻവറിനെതിരെ നടപടി കർശനമാക്കിയതോടെ ഗത്യന്തരമില്ലാതെയാണ് കടന്നൽ കൂട്ടങ്ങൾ മുട്ടുമടക്കുന്നത് എന്നും സൂചനയുണ്ട്.
Discussion about this post