ലെബനൻ: ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇന്നലെ ഇസ്രായേൽ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രായേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്.
ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തിൽ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രeയേലിന്റെ വധഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി നസ്റല്ല പങ്കെടുത്തിരുന്നില്ല. പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിരുന്നു നസ്‌റല്ല. ലെബനീസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ നസ്റല്ലയാണ് ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത്.
ഹിസ്ബുള്ള മേധാവി അബ്ബാസ് അൽ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 32ാം വയസിൽ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി നസ്റള്ള മാറി.
Discussion about this post