മുംബൈ: വാങ്ങിയ ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ഒരു ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലക്കുഞ്ഞുങ്ങൾ. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ഇതോടെ മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ ടൂത്ത് പേസ്റ്റ് കവറിൽ കൈകളും കാലുകളും കെട്ടി, പഴങ്ങളും മറ്റും പൊതിയുന്ന നെറ്റ് കവറിനുള്ളിൽ വച്ച് നിലയിലായിരുന്നു അഞ്ച് മുതല കുഞ്ഞുങ്ങളുണ്ടായിരുന്നത്.
രക്ഷിച്ചത് അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ വലുപ്പമുള്ള അഞ്ച് മുതല കുഞ്ഞുങ്ങളെയാണ്. കണ്ടെത്തുമ്പോൾ ഭക്ഷണവും വെള്ളവുമില്ലാതെ അവശ നിലയിലായിരുന്നു മുതല കുഞ്ഞുങ്ങളുണ്ടായിരുന്നത്. ഇവയെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കണ്ടെത്തിയത് കൈമൻ ഇനത്തിലുള്ള മുതല കുഞ്ഞുങ്ങളെയാണ്. ബാങ്കോക്കിൽ നിന്നുള്ള വിസ്താര വിമാനത്തിലാണ് വെള്ളിയാഴ്ച രാത്രി രണ്ട് പേരെത്തിയത്. വന്യജീവികളെ അനുമതിയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് കുറ്റകരമാണ്.
മുതലകൾ അമേരിക്ക സ്വദേശമായ ഇനമാണ്. തടാകങ്ങളിലും ചതുപ്പുകളിലും സാധാരണയായി കാണുന്ന ഇനമാണ് കൈമൻ വിഭാഗത്തിലുള്ള മുതലകൾ. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ നാലിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയാണ് മുതല.
Discussion about this post