എറണാകുളം: ‘ബോഗയ്ൻവില്ല’ സിനിമയിലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാർ സഭ. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ഗാനമെന്ന് സീറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ഗാനത്തിനെതിരെയാണ് പരാതി. ഗാനത്തിനെതിരെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നൽകി.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്‌ൻവില്ല’യിലെ പ്രൊമോ ഗാനമാണ് ‘സ്തുതി’. ഗാനരംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്.
വിനായക് ശശികുമാറിൻറെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. സുഷിൻറെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് ‘സ്തുതി’. കുഞ്ചാക്കോ ബോബൻറെ ചടുലമായ ചുവടുകളും ‘സ്തുതി’യുടെ ഹൈലൈറ്റാണ്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.
Discussion about this post