അഹമ്മദാബാദ്: മഹാത്മഗാന്ധിക്ക് പകരം അനുപം ഖേറിന്റെ ചിത്രമുള്ള 1.60 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്ത് അഹമ്മദാബാദ് പോലീസ്. ഗുജറാത്തിൽ നിന്നാണ് കള്ളനോട്ടുകൾ പിടിച്ചെടുത്തത്. നോട്ടുകളിൽ ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘റിസോൾ ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്. വ്യാജനോട്ടുകളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ ഒരു ഓൺലൈൻ വസ്ത്ര സ്റ്റോറിൻ്റെ ഓഫീസിൽ പ്രവർത്തിക്കുന്ന വ്യാജ കറൻസി നിർമ്മാണ യൂണിറ്റിൽ നിന്നാണ് കറൻസികൾ പിടികൂടിയത്. ഈ മാസം 22 നായിരുന്നു സംഭവം. വ്യാജ കറൻസി നിർമ്മിച്ച നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഉദ്യോഗസ്ഥർ ശനിയാഴ്ച സാർത്ഥാന പ്രദേശത്തെ ഓഫീസ് റെയ്ഡ് ചെയ്യുകയും 1.60 കോടിയുടെ വ്യാജ കറൻസിയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. നാലാം പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേന ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്‌ക്കെടുത്ത പ്രതികൾ പരിസരത്ത് വ്യാജ കറൻസി അച്ചടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്ഒജി സംഘം ഓഫീസിലും അവിടെ ജോലി ചെയ്യുന്ന ആളുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇതുമായി പ്രതികളെ കണ്ടെത്തിയത്. അഹമ്മദാബാദിലെ മനേക് ചൗക്കിൽ സ്ഥാപനം നടത്തുന്ന മെഹുൽ തക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
തക്കറിൽ നിന്ന് പ്രതികൾ സ്വർണ്ണം വാങ്ങുകയും വ്യാജനോട്ട് കൈമാറുകയും ചെയ്തിരുന്നു. ഷാഹിദ് കപൂർ അഭിനയിച്ച ഫാർസി എന്ന വെബ് സീരീസിൽ നിന്നാണ് പ്രതികൾ പ്രചോദനം ഉൾക്കൊണ്ടതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജ്ദീപ് നകം പറഞ്ഞു. കള്ളനോട്ടുകൾ നിർമ്മിച്ച് സമ്പന്നനാകുന്ന തട്ടിപ്പുകാരന്റെ കഥ പറയുന്ന സീരീസാണ് ഫാർസി.
കറൻസിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങൾ ആണ് ഉണ്ടാകുന്നത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ചില സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം. എന്നാൽ ഗാന്ധിജിക്ക് പകരം അനുപം ഖേറിനെ ഉപയോഗിച്ചതിലെ കൗതുകവും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് അനുപം ഖേർ ട്വീറ്റ് പങ്കുവെച്ചിരുന്നു. ” അഞ്ഞൂറ് രൂപാ നോട്ടിൽ ഗാന്ധിജിയുടെ ഫോട്ടോക്ക് പകരം എൻ്റെ ഫോട്ടോ???? എന്തും സംഭവിക്കാം!” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

