ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന് മുൻപ് ലഡുവിൽ മൃഗക്കൊഴുപ്പെന്ന പരസ്യ പ്രസ്താവന മുഖ്യമന്ത്രി നടത്തിയത് എന്ത് തെളിവിൻറെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ച കോടതി ഭരണഘടന പദവിയിലിരിക്കുന്നയാൾ ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്നും നിരീക്ഷിച്ചു. ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ, തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമ്മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം, ആന്ധ്ര മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. പ്രസാദ ലഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്ര മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതാവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് ക്ഷേത്ര ദേവസ്ഥാനം റിപ്പോർട്ട്. ദിണ്ടിഗലിലെ എആർ ഡയറിയിൽ നിന്ന് ജൂലൈ ആറിനും 15നും 2 ടാങ്കർ നെയ്യ് തിരുപ്പതിയിലെത്തി. എന്നാൽ രുചിയിലും മണത്തിലും സംശയം തോന്നിയതിനാൽ നെയ്യ് ഉപയോഗിച്ചില്ല. 4 ടാങ്കറിലെയും നെയ്യ് മാറ്റിവയ്ക്കുകയും, സാംപിളുകൾ ഗുജറാത്തിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയായിരുന്നു.
നിശ്ചിത ഗുണനിലവാരം ഇല്ലെന്ന ലാബ് റിപ്പോർട്ട് ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ചപ്പോൾ നെയ്യ് തിരിച്ചയച്ചു കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാനുള്ള കാരണം അറിയിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടതായും ടിടിഡി റിപ്പോർട്ടിൽ പറയുന്നു. ജഗൻ മോഹൻ റെഡ്ഢി ഭരണം ഉണ്ടായിരുന്ന 2022 മുതൽ ഇതുവരെ 14 ടാങ്കർ നെയ്യ്, സമാന കാരണങ്ങളാൽ തിരിച്ചയച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Discussion about this post