ബെയ്‌റൂട്ട്: ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേൽ. ഇസ്രയേൽ അതിർത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലാണ് ആക്രമണം. വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോട് കൂടിയാണ് ഇസ്രയേൽ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ലെബനീസിലെ ഇസ്രയേൽ ആക്രമണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് കരയാക്രമണം ആരംഭിച്ചിരിക്കുന്നത്. തീരദേശ നഗരമായ സിഡോണിലെ ഐൻ അൽ-ഹിൽവേ അഭയാർത്ഥി ക്യാമ്പിലും ആക്രമണം നടത്തി.
കരയാക്രമണത്തോടൊപ്പം വ്യോമാക്രമണവും ഇസ്രയേൽ തുടരുന്നുണ്ട്. തെക്കൻ ലെബനനിലെ കെട്ടിടങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ശബ്ദത്തോട് കൂടിയുള്ള വ്യോമാക്രമണം നടന്നുവെന്നും ബെയ്‌റൂട്ടിലെ പ്രാന്തപ്രദേശങ്ങളിൽ പുക ഉയരുന്നത് കണ്ടുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇസ്രയേൽ സൈനികരും ഹിസ്ബുള്ളയും നേരിട്ടുള്ള ഏറ്റുമുട്ടലുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് നേതാക്കളെ ലക്ഷ്യമിട്ട് കൊണ്ട് ഇസ്രയേൽ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം നടത്തിയത്. തുടർന്ന് വെള്ളിയാഴ്ച ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല ഉൾപ്പെടെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടു. അതേസമയം ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുളള. ടെൽ അവീവിലേക്ക് റോക്കറ്റാക്രമണം നടത്തി. എന്നാൽ പത്തോളം റോക്കറ്റുകൾ തടഞ്ഞെന്ന് ഇസ്രായേൽ സേന അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ലെബനനിൽ നിന്നും ഇസ്രയേലിൽ നിന്നും വീട് വിട്ട് പലായനം ചെയ്തത്. ഈ മാസം സംഘർഷം രൂക്ഷമായതിന് പിന്നാലെ 100, 000ലധികം പേരാണ് ലെബനനിൽ നിന്ന് സിറിയയിലേക്ക് മാത്രം കുടിയേറിയത്.
അതേസമയം ഇസ്രയേൽ കരയാക്രമണം ആരംഭിച്ചത് അറിയിച്ചെന്ന് അമേരിക്ക അറിയിച്ചു. സംഘർഷത്തോട് പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വെടിനിർത്തലിന് ആഹ്വാനം ചെയ്തു.
Discussion about this post