ഡൽഹി: വിവാദ ഇസ്‌ലാം മതപ്രസംഗികനും, ഇന്ത്യയിൽ പിടികിട്ടാപുള്ളിയുമായ സക്കീർ നായിക്ക് പാക്കിസ്ഥാനിൽ. സക്കീർ നായിക്കിന് വൻ വരവേൽപ്പാണ് പാക്കിസ്ഥാൻ നൽകിയത്.
വിദ്വേഷ പ്രസംഗം, സാമുദായിക അസ്വാരസ്യം ഉണ്ടാക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ സാക്കിർ നായിക്കിനെതിരെ ചുമത്തിയിട്ടുള്ളത്. 2016 മുതൽ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും മറ്റുമായി കേസെടുത്തതിന് ശേഷം സാക്കിർ നായിക് മലേഷ്യയിലാണ് താമസിക്കുന്നത്. സാക്കിർ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മലേഷ്യ ഇതുവരെ വഴങ്ങിയിട്ടില്ല.
പ്രധാനമന്ത്രിയുടെ യുവജന പരിപാടി ചെയർമാൻ റാണ മഷ്ഹൂദ്, മതകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സയ്യിദ് അത്താ-ഉർ-റഹ്മാൻ, പാർലമെൻ്ററി മതകാര്യ സെക്രട്ടറി ഷംഷെർ അലി മസാരി തുടങ്ങിയവർ സാക്കിർ നായിക്കിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം നായിക് പുറത്ത് വിട്ടിട്ടുണ്ട്.
ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ സാക്കിർ നായിക്ക് പൊതു പ്രസംഗങ്ങൾ നടത്തും, കൂടാതെ വെള്ളിയാഴ്ച പ്രാർത്ഥനാ സഭകളെ നയിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 28 വരെ സക്കീർ നായിക്ക് പാക്ക്സിതാനിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ

