ഇന്ത്യയുടെ സ്വന്തം അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കിക്ക് 2019 ൽ, “വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡും” സാൻ ഫ്രാൻസിസ്കോയിൽ നടന്ന 2019 ബാർട്ടെൻഡർ സ്പിരിറ്റ്സ് അവാർഡിൽ “വേൾഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ” അവാർഡും ലഭിച്ചതോടെ അമൃതിൻറെ പ്രശസ്തി ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇന്ന് ജപ്പാൻ, നെതർലാൻഡ്‌സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്വാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസ് അമൃത് സിംഗിൾ മാൾട്ട് വിസ്കി വിൽക്കുന്നുണ്ട്. ഇപ്പോഴിതാ, നൂറു ശതമാനം ശർക്കരയിൽ നിന്നുണ്ടാക്കിയ പുതിയ റം പുറത്തിറക്കിയിരിക്കുകയാണ് അമൃത്.
1948 ൽ സ്ഥാപിച്ച കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ റം, ലോകത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ റം ആണ്, ബെല്ല എന്നാണ് ഇതിൻറെ പേര്. സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും നിർമ്മിക്കുന്ന പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമ്മിക്കുന്നത്. കന്നടയിൽ ബെല്ല എന്നാൽ “ശർക്കര” എന്നാണർത്ഥം. ആറു വർഷത്തോളം ബർബൺ ബാരലുകളിൽ സംഭരിച്ചാണ് ഇത് തയ്യാറാക്കുന്നത്.
ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്കിയുടെ പിതാവ് എന്നാണ് അമൃത് ഡിസ്റ്റിലറി സ്ഥാപകൻ നീലകണ്‌ഠ റാവു ജഗ്ദലേ അറിയപ്പെടുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്നെ ഈ റം വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും അന്ന് ഇതിന് കർണ്ണാടക എക്സൈസ് നിയമപ്രകാരം സാധുത ഉണ്ടായിരുന്നില്ല. പിന്നീട്, ഇന്ത്യയിൽ 2012 ൽ ശർക്കര കൊണ്ട് സിംഗിൾ റം ഉണ്ടാക്കാനുള്ള ആദ്യത്തെ ലൈസൻസ് അമൃതിന് ലഭിച്ചു.
ഈ വർഷം ജൂലൈ മാസത്തിലാണ് ബെല്ല റം കമ്പനി ആദ്യമായി പരിചയപ്പെടുത്തുന്നത്. അതിനു ശേഷം ഷെറാടൺ ഗ്രാൻഡ് ബാംഗ്ലൂരു വൈറ്റ്ഫീൽഡ് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെൻററിൽ വച്ച് നടന്ന ചടങ്ങിൽ ബെല്ലയുടെ ഔദ്യോഗിക ഉദ്ഘാടനവും ആഗോളതലത്തിലുള്ള ലോഞ്ചും നടന്നു.
ഇന്ത്യൻ ശർക്കരയും കരീബിയൻ മോളാസസും യോജിപ്പിച്ച് 2013 ൽ ടൂ ഇന്ദ്രി എന്ന പേരിൽ അമൃത് പുറത്തിറക്കിയ റം വിജയമായിരുന്നു. ഇന്ത്യയിലും യുഎസ്എയിലും ലഭ്യമായ ബെല്ലയുടെ വില ₹3,500 ആണ്.
Discussion about this post