ന്യൂഡൽഹി: പ്രളയം ബാധിച്ച കേരളം ഉൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്ക് ധനസഹായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 14 സംസ്ഥാനങ്ങൾക്കായി 5858.60 കോടി രൂപ ആണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതവും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്നുള്ള മുൻകൂർ തുകയുമാണ് അനുവദിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപ, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി, മണിപ്പൂരിന് 50 കോടി, മിസോറമിന് 21.60 കോടി, നാഗാലാൻഡിന്ന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്ക്ക് 416.80 കോടി, ത്രിപുരയ്ക്ക് 25 കോടി, പശ്ചിമ ബംഗാളിന് 468 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തെക്കുപടിഞ്ഞാറൻ മൺസൂണിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങളാണ് ഇവ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര – സഹകരണ മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് പ്രകൃതിദുരന്തം ബാധിച്ച സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ ഉണ്ടെന്ന് സർക്കാർ അറിയിച്ചു. കേരളത്തിനു പുറമേ പ്രളയബാധിത സംസ്ഥാനങ്ങളായ അസം, മിസോറം, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി അന്തർ മന്ത്രിതല കേന്ദ്രസംഘങ്ങളെ (ഐഎംസിടി) അയച്ചു.
വെള്ളപ്പൊക്കം നാശം വിതച്ച ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഐഎംസിടികളെ ഉടൻ അയക്കും. ഐഎംസിടി വിലയിരുത്തൽ റിപ്പോർട്ടുകൾ ലഭിച്ച ശേഷം, വ്യവസ്ഥാപിത നടപടിക്രമം അനുസരിച്ച്, ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് എൻഡിആർഎഫിൽ നിന്നുള്ള അധിക സാമ്പത്തിക സഹായം അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു.
Discussion about this post