പൂനെ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. ഹെലികോപ്റ്ററിന്റെ രണ്ട് പൈലറ്റുമാരും എഞ്ചിനീയറുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിലൊരാൾ മലയാളിയായ കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്ടറാണ് തകർന്ന് വീണിരിക്കുന്നത്.
എംപിയും എൻസിപി നേതാവുമായ സുനിൽ തത്കരക്ക് സഞ്ചരിക്കാനായി മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യതയെകുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.
ബവധനിലെ ബറുക്ക് മേഖലയിലെ കുന്നിൻ മുകളിൽ തകർന്നുവീണ ഹെലികോപ്റ്റർ പൂർണമായും കത്തിയമർന്ന നിലയിലാണ്. പ്രദേശത്ത് നിലനിന്നിരുന്ന കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്‌ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്നാണ് ഈ ഹെലികോപ്റ്റർ പറന്നുയർന്നത്.ഹെലികോപ്റ്റർ പൂർണമായും കത്തിയ നിലയിലാണ് ചിത്രങ്ങളിലുള്ളത്.
അതേസമയം, പൂനെയിൽ മൂന്ന് മാസത്തിനിടെ ഉണ്ടാവുന്ന രണ്ടാമത്തെ വലിയ ഹെലികോപ്റ്റർ അപകടമാണിത്. നേരത്തെ മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ പൂനെയിലെ പവാടിനടുത്ത് അപകടത്തിൽപെട്ടെങ്കിലും നാല് യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു
Discussion about this post