കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ആക്രമണങ്ങൾ നേരിടുന്നുവെന്ന് കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളാരും മനാഫിന് പണം നൽകരുതെന്നും തങ്ങൾ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകൾ ആക്ഷേപിക്കുന്നുവെന്നും അവർ പറഞ്ഞു.
‘അർജുനെ ലഭിച്ചു. എല്ലാവരോടും നന്ദി പറഞ്ഞു. ഇനി മാധ്യമങ്ങളെ കാണരുതെന്ന് വിചാരിച്ചതാണ്. പക്ഷേ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ ആക്രമണം നേരിടുകയാണ്. പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് മറ്റൊരു രീതിയിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. അർജുനെ കണ്ടെത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി ഞങ്ങളെത്തി. ചില വ്യക്തികൾ വൈകാരികമായി മാർക്കറ്റ് ചെയ്തു. അത് കാണുമ്പോൾ ഞങ്ങൾ വിഷമ ഘട്ടത്തിലാണ്. യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്, അത് തെറ്റാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. ഇതിന്റെ പേരിൽ രൂക്ഷമായ ആക്രമണം നേരിട്ടു. അർജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ. അർജുൻ മരിച്ചത് നന്നായിയെന്ന പോലുള്ള കമന്റുകൾ കേട്ടപ്പോൾ തകർന്ന് തരിപ്പണമായി,’ ജിതിൻ പറഞ്ഞു.
അർജുൻ ഭാര്യ കൃഷ്ണപ്രിയയ്ക്കും മകനും ജീവിക്കേണ്ട സാഹചര്യം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും ഏത് ഘട്ടത്തിലും ഒരുമിച്ച് മുന്നേറുമെന്നും ജിതിൻ പറഞ്ഞു. ഈ വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്ന് മനാഫ് പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. അയനെ നാലാമത്തെ കുട്ടിയായി വളർത്തുമെന്ന അദ്ദേഹത്തിൻറെ പ്രതികരണം കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങൾ മുന്നോട്ട് വെച്ചില്ലെന്നും ജിതിൻ കൂട്ടിച്ചേർത്തു.
മാധ്യമശ്രദ്ധ ലഭിക്കാൻ വേണ്ടി പണം തരുന്നയാളുകളുണ്ടെന്ന് കൃഷ്ണപ്രിയയും വ്യക്തമാക്കി. ചിലർ കുറച്ച് പൈസയുമായി വന്ന് അയാന് കൊടുത്ത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നുവെന്നും മനാഫിന്റെ കൂടെ വന്നവരാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അർജുന്റെ ബൈക്ക് നന്നാക്കാൻ കൊടുത്തത് മനാഫ് അല്ലെന്നും അർജുൻ തന്നെ പൈസ കൊടുത്ത് നന്നാക്കിയതാണെന്നും അവർ പറഞ്ഞു. ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്നും കൃഷ്ണപ്രിയ പറഞ്ഞു.
‘അമ്മയുടെ വൈകാരികതയെ ചൂഷണം ചെയ്തും മാർക്കറ്റിംഗ് നടത്തുന്നു. ലൈവാണ് പോവുന്നതെന്നറിയാതെ മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് അയാൾ അമ്മയെ വിളിക്കുന്നു. സുഖമില്ലാത്ത അമ്മയെ വിളിച്ച് തെറ്റിദ്ധരിപ്പിക്കുന്നു,’ കുടുംബം പറഞ്ഞു.
ഈശ്വർ മാൽപെയ്‌ക്കെതിരെയും കുടുംബം രംഗത്തെത്തി. ‘മൂന്നാം ഘട്ട തിരച്ചിലിൽ മാൽപെയുടെ ആവശ്യമുണ്ടായിരുന്നില്ല. മാൽപെയും മനാഫും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കി. മാൽപെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങൾ പറഞ്ഞു,’ അവർ പറഞ്ഞു.
മനാഫിനും യൂട്യൂബ് ചാനലുണ്ടെന്നും അവർ വ്യക്തമാക്കി. ‘മനാഫിനും യൂട്യൂബ് ചാനലുണ്ട്. യൂട്യൂബ് ചാനലിന് വേണ്ടിയുള്ള നാടകമായിരുന്നു. അർജുനെ കിട്ടിയാൽ എല്ലാം നിർത്തുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല. ട്രെഡ്ജർ വരില്ലെന്ന് പറഞ്ഞ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചും നാടകം കളിച്ചു. കാർവാർ എസ്പിയും എംഎൽഎയും മനാഫിനെ അവിടെ നിന്ന് മാറ്റാൻ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നിട്ടും മനുഷ്യത്വത്തിന്റെ പേരിലാണ് അത് ചെയ്യാതിരുന്നത്,’ കുടുംബം അറിയിച്ചു.
കേരള-കർണാടക സർക്കാർ, മുഖ്യമന്ത്രിമാർ, എംഎൽഎമാർ, എംപി, മാധ്യമങ്ങൾ തുടങ്ങി മനാഫിനും ഈശ്വർ മാൽപയും അടക്കം കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞാണ് വാർത്താ സമ്മേളനം ആരംഭിച്ചത്
Discussion about this post