തിരുവനന്തപുരം: ബാങ്കിൽ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബർക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.തുക ബാങ്കിൽ നിക്ഷേപിക്കാനെത്തിയപ്പോൾ ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ബർക്കത്ത് പൂന്തുറ കുമരിച്ചന്തയിലുള്ള എസ്ബിഐ ബാങ്ക് ശാഖയിലെത്തിയത്. ശേഷം ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപയുടെ 25 നോട്ടുകൾ നിക്ഷേപിക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. അതേസമയം കള്ളനോട്ടാണെന്ന് തനിക്ക് അറിവില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്.
സൗദിയിലുള്ള ഭർത്താവിന്റെ സുഹൃത്ത് ഭർത്താവിന് നൽകിയതാണെന്നാണ് ചോദ്യം ചെയ്യലിൽ ബർക്കത്ത് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post