ലഖ്നൗ: ക്യാഷ് ഓൺ ഡെലിവറിയായി ഓർഡർ ചെയ്ത ഐഫോൺ നൽകാൻ എത്തിയ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി യുവാക്കൾ. ഉത്തർപ്രദേശിലാണ് സംഭവം. ഓർഡർ ചെയ്ത ഐഫോൺ നൽകാൻ വീട്ടിലെത്തിയ ഡെലിവറി ഏജന്റിനെ യുവാവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി അടുത്തുള്ള കനാലിൽ തള്ളുകയായിരുന്നു. ഉത്തർപ്രദേശിലെ ചിൻഹട്ട് സ്വദേശിയായ ഗജനൻ എന്നയാൾ ഫ്ളിപ്പ്കാർട്ടിൽ നിന്നാണ് കാഷ് ഓൺ ഡെലിവറി ആയി ഐഫോൺ ഓർഡർ ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ശശാങ്ക് സിങ് പറഞ്ഞു.
സെപ്റ്റംബർ 23- നാണ് സംഭവം നടന്നത്. ഫോൺ വിതരണം ചെയ്യാനെത്തിയ 30 വയസ്സുകാരനായ ഡെലിവറി ബോയി ഭരത് സാഹുവിനെ ഗജനനും കൂട്ടാളിയും ചേർന്ന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി ഇന്ദിരാ കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിനായി ഇന്ദിരാ കനാലിൽ ഉത്തർപ്രദേശ് എസ്.ഡി.ആർ.എഫ് സംഘം തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
രണ്ടു ദിവസമായി സാഹു വീട്ടിൽ തിരിച്ചെത്താതായതോടെ കാണാതായതായി വീട്ടുകാർ സെപ്റ്റംബർ 25-ന് പോലീസിന് പരാതി നൽകി. തുടർ സാഹു ഉപയോഗിച്ചിരുന്ന ഫോണിന്റെ ലൊക്കേഷൻ വിവരങ്ങളും അവസാനമായി ചെയ്ത കോൾ വിവരങ്ങളും പരിശോധിച്ച പോലിസിന് ഗജനന്റെ സുഹൃത്തായ ആകാശ് എന്നയാളുടെ വിവരങ്ങൾ ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചുരുളഴിഞ്ഞത്. കാനാലിൽ ഉപേക്ഷിച്ച മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.
Discussion about this post