കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ ജീവൻനഷ്ടമായ അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം ശക്തമാവുന്നു. കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിനെതിരെ ഇവർ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് സൈബർ ആക്രമണം. മനാഫ് തങ്ങളെ മാർക്കറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും ജിതിൻ വ്യക്തമാക്കി.
പൊതുജനങ്ങളാരും മനാഫിന് പണം നൽകരുത് തങ്ങൾ അത് സ്വീകരിക്കില്ല. യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നുണ്ട്. പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാർക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അർജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ തുടങ്ങിയ ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അർജുൻ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കിയെന്നും ജിതിൻ പറഞ്ഞു. വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്ന് മനാഫ് പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. അർജുന്റെ മകൻ അയാനെ നാലാമത്തെ കുട്ടിയായി വളർത്തുമെന്ന് അദ്ദേഹത്തിൻറെ പ്രതികരണം കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങൾ മുന്നോട്ട് വെച്ചിട്ടില്ലെന്നും ജിതിൻ ആരോപിച്ചു.
അതേസമയം കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളിയാണ് മനാഫ് പ്രതികരണവുമായെത്തിയത്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ കല്ലെറിഞ്ഞ് കൊല്ലാമെന്നും, തന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും അർജുന്റെ പേരിൽ ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. അർജുനെ കിട്ടുന്നതോടെ ആ യൂട്യൂബ് ചാനലിന് അർത്ഥമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇനി ആ യൂട്യൂബ് ചാനൽ ഞാൻ ഉഷാറാക്കും. ആരുടെയും തറവാട്ട് സ്വത്തിൽ നിന്നല്ല ഞാൻ ഇതൊന്നും ചെയ്യുന്നത്. തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്നും തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുകയാണെങ്കിൽ ധൈര്യത്തിന് വേണ്ടിയാണ് ചാനൽ തുടങ്ങിയതെന്നും മനാഫ് വ്യക്തമാക്കി.
Discussion about this post