പിപാലിയ: ഗുജറാത്തിൽ ആറ് വയസുകാരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊന്ന പ്രിൻസിപ്പലിനെതിരെ നൽകിയത് 1700 പേജുള്ള കുറ്റപത്രം. കൊലപാതകം നടന്ന് 12 ദിവസത്തിനുള്ളിലാണ് ഗുജറാത്തിലെ ദഹോദിൽ പൊലീസ് റെക്കോർഡ് പേജ് നമ്പറുകളോടെ കുറ്റപത്രം നൽകിയത്. ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരായ കുറ്റപത്രം നൽകിയിരിക്കുന്നതെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വി വിശദമാക്കിയത്.
കേസിലെ വിചാരണ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ നടത്താനാണ് തീരുമാനം എന്നും ഇതിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതായും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 150 സാക്ഷി മൊഴികളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാർ കഴുകി തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിവും തെളിവ് പൂർണമായി നീക്കാനായില്ലെന്നും പൊലീസ് വിശദമാക്കി.
ഗുജറാത്തിലെ ദഹോദ് ജില്ലയിലെ പിപാലിയയിലെ പ്രൈമറി സ്കൂളിലാണ് കുറ്റകൃത്യം നടന്നത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സ്കൂൾ പരിസരത്ത് നിന്ന് കണ്ടെത്തിയത് സെപ്തംബർ 19നായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ദോഹത് പൊലീസ് സുപ്രണ്ട് രാജ്ദീപ് സിംഗ് ജാല പത്ത് ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പ്രിൻസിപ്പാളിനൊപ്പമാണ് രക്ഷിതാക്കൾ സ്കൂളിലേക്ക് അയച്ചിരുന്നതെന്ന് വ്യക്തമായിരുന്നു.
കുട്ടിയെ ബലാത്കാരം ചെയ്യാൻ ശ്രമിച്ചപ്പോൾ കുട്ടി ബഹളം വയ്ക്കുകയും ചെറുക്കുകയും ചെയ്തു. ഇതോടെ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് നിശബ്ദയാക്കാൻ പ്രിൻസിപ്പൽ ശ്രമിക്കുകയായിരുന്നു. ശ്വാസം മുട്ടി കുട്ടി മരിച്ചെന്ന് വ്യക്തമായതോടെ പ്രിൻസിപ്പൽ കുട്ടിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം പതിവ് പോലെ സ്കൂളിലേക്ക് പോയി. ക്ലാസ് കഴിഞ്ഞ് കുട്ടിയുടെ ബാഗും മറ്റ് സാധനങ്ങളും ഗേറ്റിന് സമീപത്തും മൃതദേഹം ക്ലാസ് മുറിക്ക് പുറത്തുമായി കൊണ്ട് ഇട്ട ശേഷം ഇയാൾ വീട്ടിൽ പോവുകയായിരുന്നു.
കുട്ടിയെ കാണാതായതിന് പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post