ചന്ദ്രയാൻ, ഗഗൻയാൻ, മംഗൾയാൻ എന്നീ ദൗത്യങ്ങൾക്കു ശേഷം ശുക്ര ഗ്രഹത്തെ പഠിക്കാനുള്ള ദൗത്യത്തിനുള്ള അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ് ഐ.എസ്.ആർ.ഒ.
വീനസ് ഓർബിറ്റർ മിഷൻ 2028 മാർച്ച് 29 ന് നടക്കുമെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. പേടകം വിക്ഷേപണത്തിനുശേഷം 112 ദിവസം യാത്ര ചെയ്ത ശേഷമായിരിക്കും ശുക്രന്റെ ഭ്രമണപഥത്തിലെത്തുക. ശുക്രയാൻ 1 ദൗത്യത്തിന് 1236 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
നാസയും ജർമൻ എയ്‌റോസ്‌പേസ് സെന്ററും നടത്തിയ ഗവേഷണത്തിൽ ശുക്രനിൽ ഓക്‌സിജൻ സാന്നിധ്യം കണ്ടെത്തിയത് കഴിഞ്ഞവർഷമാണ്. അതേസമയം ഭൂമിയിൽ ശ്വസനത്തിന് സഹായിക്കുന്ന രണ്ട് ആറ്റങ്ങളുടെ സംയുക്തമായ ഓക്‌സിജൻ വാതകമല്ല, ഒറ്റ ആറ്റമുള്ള ഓക്‌സിജനാണ് ശുക്രനിൽ ഉളളത്.
ഭൂമിയിൽനിന്ന് നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഗ്രഹമാണ് ശുക്രൻ. സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രൻ ഭൂമിയുടെ എതിർ ദിശയിലാണ് കറങ്ങുന്നത്. ശുക്രനിൽ സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുകയാണ് ചെയ്യുന്നത്.
സമഗ്രമായ പഠനം ലക്ഷ്യം
ഭൂമിക്ക് സമാനമായ ഘടനയുളള ശുക്രനെ ഭൂമിയുടെ ഇരട്ടയെന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം ശുക്രന്റെ ഉപരിതല താപനില 470 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നാണ് വിലയിരുത്തൽ.
ശുക്രന്റെ കാലാവസ്ഥയെ ഭൂമിയുമായി താരതമ്യപ്പെടുത്തി പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ ചലനാത്മകത, ഗ്രഹപരിണാമം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണമാണ് ഐ.എസ്.ആർ.ഒ നടത്തുക.
പര്യവേഷണം വിജയകരമായാൽ ബഹിരാകാശ ഗവേഷണമേഖലയിൽ മുൻനിരയിലെത്താൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് ഐ.എസ്.ആർ.ഒ പ്രതീക്ഷിക്കുന്നത്.
Discussion about this post