തിരുവനന്തപുരം: അന്തരിച്ച നടൻ മോഹൻ രാജിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകീട്ട് കാഞ്ഞിരംകുളത്തെ തറവാട്ട് വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. മലയാളത്തിൽ 300 ലേറെ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ംമോഹൻരാജ് അന്തരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അവശനായിരുന്നു. കഴിഞ്ഞ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. ഇതേ തുടർന്നായിരുന്നു അന്ത്യം.
നിരവധി പേരാണ് സോഷ്യൽ മീഡിയകളിലൂടെ തങ്ങളുടെ പ്രിയപ്പെട്ട വില്ലന് ആദരാഞ്ജലികൾ നേരുന്നത്. മൂന്നാം മുറ എന്ന സിനിമയിലൂടെ ആയിരുന്നു മോഹൻ രാജ് സിനിമാ രംഗത്തേക്ക് എത്തിയത്. ചെയ്തവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങൾ ആയിരുന്നു. മോഹൻലാൽ ചിത്രങ്ങളിൽ ആയിരുന്നു കൂടുതലായി വില്ലൻ വേഷങ്ങൾ ചെയ്തിരുന്നത്.
കിരീടം എന്ന സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ വേഷത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടതും മലയാളികളുടെ പ്രിയപ്പെട്ട വില്ലനായതും. ആറാം തമ്പുരാൻ, നരസിംഹം, ചെങ്കോൽ, തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

