തിരുവനന്തപുരം: പി വി അൻവർ ഉയർത്തി ആരോപണ കൊടുങ്കാറ്റുകൾക്ക് ഇടയിൽ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും പി വി അൻവർ ഇന്ന് നിയമസഭയിലേക്ക് എത്തില്ല. തിങ്കളാഴ്ച മുതൽ സഭയിൽ എത്തുമെന്നാണ് പി വി അൻവറിന്റെ പ്രതികരണം. മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പി വി അൻവർ എംഎൽഎയുടെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഐഎം പാർലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്. അതേസമയം 6 ന് ശനിയാഴ്ച മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന ജില്ലാ തല രാഷ്ട്രീയ വിശദീകരണ സമ്മേളനവും രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവും വിപുലമാക്കാനുള്ള നീക്കത്തിലാണ് പി വി അൻവർ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത്ത് കുമാറിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പി വി അൻവർ ഇടതുപക്ഷത്തിനെതിരെ ആദ്യം രംഗത്തെത്തുന്നത്. പിന്നീട് ആരോപണങ്ങൾ കടുക്കുകയും ഇത് മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീളുകയും ചെയ്തു. മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി നൽകുകയും അൻവർ ആരോപണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതാണ് ദിവസങ്ങളാണ് കേരള രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നത്.
മലപ്പുറത്തെ മരംമുറിയിൽ തുടങ്ങി, മാമി തിരോധാനവും തൃശൂർ പൂരം വിവാദവും അടക്കം ഒടുവിൽ ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ പരാമർശവുമടക്കം ഉയർത്തി അൻവർ ഇടതുമുന്നണിയെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാൻ നോക്കുമ്പോൾ പ്രതിപക്ഷവും ഈ ആരോപണങ്ങൾ ഏറ്റെടുത്ത് ആയുധമാക്കുകയാണ്. ഇനി ഇടത് മുന്നണിക്കൊപ്പമില്ലെന്ന് അൻവർ പ്രഖ്യാപിക്കുകയും സിപിഐഎം അൻവറിനെ തള്ളിപ്പറയുകയും ചെയ്തതോടെ അൻവറിന്റെ സഭാപക്ഷവും മാറി. ഇനി തിങ്കളാഴ്ച മുതൽ അൻവർ സഭയിലുയർത്താൻ പോകുന്നത് എന്തെല്ലാമെന്നാണ് ഉറ്റുനോക്കുന്നത്.
Discussion about this post