ഫ്ലോറിഡ: പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങൾ പറത്താനുള്ള പദ്ധതികൾക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉപയോഗിക്കുന്നത് ആലോചനയിൽ. ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പൻമാരായ എമ്പ്രാറാണ് ലോകത്തെ ആദ്യ എഐ അധിഷ്ഠിത യാത്രാവിമാനം എന്ന ആശയത്തിന് പിന്നിൽ. ഫ്‌ളോറിഡയിലെ ഒർലാൻഡയോയിൽ വെച്ച് നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ ചടങ്ങിൽ എമ്പ്രാർ ടീം ഈ ആശയം പങ്കുവെച്ചു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് പൈലറ്റില്ലാത്ത എഐ വിമാനത്തിലുണ്ടാവുക. സൺ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മൂന്ന് സോണുകൾ വിമാനത്തിനകത്തുണ്ടാകും. ലോഞ്ച് പോലെ വിശ്രമിക്കാനുള്ള സൗകര്യമാണ് ഇതിലൊന്നിലുണ്ടാകുക. കൂടാതെ യാത്രക്കാർക്ക് വിമാനത്തിൽ ഇരിക്കാനുള്ള സൗകര്യവുമുണ്ടാകും. ടച്ച് സ്‌ക്രീനുകളുള്ള ജനാലകളും വിമാനത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
എഐ അധിഷ്ഠിത വിമാനത്തിൻറെ പ്രവർത്തനം പൂർണമായും സ്വതന്ത്രമായി ആയിരിക്കും. വിമാനം സ്വയം പ്രവർത്തിക്കുന്നതിനാൽ കോക്പിറ്റിൻറെ ആവശ്യം ഇല്ലാതാവുകയും ഫോർവാർഡ് ലോഞ്ച് പോലെയുള്ള പുതിയ കാബിൻ സംവിധാനങ്ങൾ കൊണ്ടുവരികയും ചെയ്യുമെന്ന് എമ്പ്രാർ അധികൃതർ പറയുന്നു. ഇലക്ട്രിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ ടെക്‌നോളജി പ്രൊപ്പൽഷൻ സിസ്റ്റം വിമാനത്തിലുണ്ടാകുമെന്നും കമ്പനി അധികൃതർ പറയുന്നുണ്ട്.
നിലവിൽ ആശയം മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂവെന്നും ഈ ഘട്ടത്തിൽ വിമാനം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ആലോചനയില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഭാവിയിലേക്ക് എന്തൊക്കെ സാധ്യമാണെന്നുള്ളതിൻറെ ആശയം മാത്രമാണിതെന്നും കമ്പനി പറയുന്നുണ്ട്.
Discussion about this post