മോട്ടോർ സൈക്കിളുകൾ “കരാർ കാരിയറുകളായി”(ടാക്‌സികൾ പോലെ) ഉപയോഗിക്കാൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ ഇന്ത്യയിൽ ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാൻ നിയമപരമായ ചട്ടക്കൂട് സൃഷ്ടിക്കും.
നിലവിൽ, റാപ്പിഡോ, ഓല, ഊബർ തുടങ്ങിയവ വഴിയാണ് ബൈക്ക് ടാക്സികൾ പ്രവർത്തിക്കുന്നത്. എന്നാൽ കരാർ കാരേജായി പ്രവർത്തിക്കാൻ യോഗ്യതയുള്ള വാഹനങ്ങളുടെ പട്ടികയിൽ ‘മോട്ടോർ സൈക്കിൾ’ ഉൾപ്പെടുത്താത്തതിനാൽ, പല സംസ്ഥാനങ്ങളും ഇത്തരം ആപ്പുകളുടെ ബൈക്ക് ടാക്സി സേവനം നിരോധിച്ചു. ബൈക്ക് ടാക്സികൾക്ക് എതിരെ ത്രീ വീലർമാരിൽ നിന്നും ടാക്‌സി യൂണിയനുകളിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്.
സാധാരണ പബ്ലിക് കാരിയറുകളെ കർശനമായ നിയമങ്ങൾക്ക് വിധേയമാക്കുകയും ഇൻഷുറൻസിനായി കൂടുതൽ പണം നൽകുകയും ചെയ്യുമ്പോൾ, ബൈക്ക് ടാക്‌സികൾ ഇത്തരം നിയമങ്ങൾക്ക് വിധേയമായിരുന്നില്ല. സ്വകാര്യ വാഹനങ്ങൾ രജിസ്‌ട്രേഷൻ, ഇൻഷുറൻസ്, സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് എന്നിവയ്‌ക്ക് നൽകുന്ന കുറഞ്ഞ തുക ആണ് ബൈക്ക് ടാക്‌സികൾ നൽകുന്നത്. ഒരു സാധാരണ ടാക്സി അല്ലെങ്കിൽ മറ്റ് കരാർ കാരിയർ പ്രവർത്തിപ്പിക്കുന്നതിന് ഡ്രൈവർമാർ കർശനമായ പരിശോധനകൾ നടത്തേണ്ടതുണ്ട്.
ബൈക്ക് ടാക്സികൾ വന്നപ്പോൾ, ചില സംസ്ഥാന സർക്കാരുകൾ അവർക്ക് മഞ്ഞ നമ്പർ പ്ലേറ്റുകൾ നൽകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് പദ്ധതി നിർത്തിവച്ചു. വ്യക്തമായ നിയമ വ്യവസ്ഥകളില്ലാതെയാണ് ഇപ്പോൾ ബൈക്ക് ടാക്സികൾ പ്രവർത്തിക്കുന്നത്.
ഇതുകൊണ്ട് തന്നെയാണ് ഇരുചക്ര ടാക്സികൾ നിയമ വിധേയമാക്കാൻ മോട്ടർ വാഹന നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. മോട്ടർ വാഹന നിയമത്തിൽ ടാക്സി വാഹനങ്ങളെക്കുറിച്ചു പറയുന്ന “കോൺട്രാക്ട‌് കാരിയർ’ നിർവചനത്തിൽ ഇരുചക്രവാഹനങ്ങളെയും ഉൾപ്പെടുത്തിയ കരടു മാർഗരേഖ പൊതുജനാഭിപ്രായം തേടുന്നതിനായി ഗതാഗത മന്ത്രാലയം പുറത്തിറക്കി. കരടുരേഖ അംഗീകരിക്കപ്പെട്ടാൽ ബൈക്കുകളും സ്കൂട്ടറുകളും ടാക്സി റജിസ്ട്രേഷൻ നേടി മഞ്ഞ നമ്പർ പ്ലേറ്റുമായി നിരത്തിലിറങ്ങും.
ഒല, ഊബർ പോലുള്ള ഓൺ ലൈൻ ടാക്സികൾ നിലവിൽ ബൈക്ക് ടാക്സസി സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവയ്ക്ക് നിയമ പിന്തുണയില്ല.
കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇത്തരം ബൈക്ക് ടാക്സികൾക്കു വിലക്കുണ്ട്. ഇരുചക്ര വാഹനങ്ങൾ കമേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു ചട്ടവിരുദ്ധമാണ്. ആദ്യം പിടി വീണാൽ 5,000 രൂപ വരെ പിഴ ഈടാക്കാം. രണ്ടാമതും പിടിക്കപ്പെട്ടാൽ
10,000 രൂപയും പിന്നീട് ഒരു ലക്ഷം രൂപ വരെയുമാകാം പിഴ. ഒരു വർഷം വരെ തടവും ലഭിക്കാം.
അംഗീകൃത ടാക്സികളിൽ യാത്രക്കാരന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. റോഡ് ടാക്സ്, പ്രത്യേക പെർമിറ്റ് എന്നിവ സഹിതമാണ് ഇവ സർവീസ് നടത്തുക. പുതിയ ഭേദഗതി വരുന്നതോടെ കാറുകളും ഓട്ടോയും പോലെതന്നെ ബൈക്കുകൾക്കും ടാക്സി സർവീസ് നടത്താം. റജി സ്ട്രേഷൻ സമയത്ത് അധിക ടാക്സും പെർമിറ്റ് തുകയും അടയ്ക്കുകയും നിർദിഷ്ട കാലയളവിൽ പുതുക്കുകയും വേണം. ഒക്ടോബർ 15 വരെ ഭേദഗതിയിൽ പൊതുജനാഭിപ്രായം അറിയിക്കാം.
Discussion about this post