ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടർമാർ ഹരിയാനയുടെ വിധി നിർണയിക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. അടുത്ത ചൊവ്വാഴ്ച ജമ്മു- കശ്മീരിനൊപ്പം ഹരിയാനയിൽ വോട്ടെണ്ണൽ നടക്കും.
സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഇതിന് പുറമേ ആംആദ്മി, ജെജെപി, ഐഎൻഎൽഡി തുടങ്ങിയ പാർട്ടികളും മത്സര രംഗത്തുണ്ട്. ബിജെപി തുടർ ഭരണം പ്രതീക്ഷിക്കുമ്പോൾ പത്ത് വർഷത്തെ ഭരണത്തിൽ നിന്ന് ബിജെപിയെ താഴെയിറക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. മോദിയുടെ ഭരണം ഉയർത്തിപ്പിടിച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞത്. അതേസമയം, കർഷ പ്രശ്‌നങ്ങളും അഗ്നിവീർ അടക്കമുള്ള വിഷയങ്ങളും ഉയർത്തി ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്.
പത്ത് വർഷത്തെ ഭരണത്തിൽ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ഇത് ബിജെപി ക്യാമ്പുകളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിന് പുറമേ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്ന ആംആദ്മി പാർട്ടിയും കഴിഞ്ഞ തവണ പത്ത് സീറ്റുകൾ നേടിയ ജെജപിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. കോൺഗ്രസിന്റേയും ബിജെപിയുടേയും 69ഓളം വിമതരും മത്സര രംഗത്തുണ്ട്. ഇത് രണ്ട് പാർട്ടികൾക്കും കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post