ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. ഇസ്ലാമാബാദിൽ ഈ മാസം 15,16 തീയതികളിലാണ് ഷാങ്ഹായി കോർപറേഷൻ ഒർഗനൈസേഷൻ (എസ് സി ഒ) യോഗം നടക്കുക.
യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുക.
9 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. 2023 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ബൂട്ടോ എത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അയൽരാജ്യമായ പാകിസ്ഥാൻ നടത്തുന്ന അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് തുറന്നടിച്ച് ഒരു മാസത്തിന് ശേഷമാണ് ജയശങ്കറിന്റെ പാകിസ്ഥാൻ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്‌സിഒ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്.
വിദേശകാര്യമന്ത്രി എന്ന നിലയിൽ എസ് ജയശങ്കറിന്റെ ആദ്യ പാകിസ്ഥാൻ സന്ദർശനമാണിത്. 2015 ഡിസംബർ 8-9 തീയതികളിൽ ഇസ്ലാമാബാദിൽ നടന്ന ഹാർട്ട് ഓഫ് ഏഷ്യ-ഇസ്താംബുൾ പ്രോസസിന്റെ അഞ്ചാമത് മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച സുഷമ സ്വരാജാണ് പാകിസ്ഥാൻ സന്ദർശിച്ച അവസാന വിദേശകാര്യ മന്ത്രി.
Discussion about this post