കോഴിക്കോട്: ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുട്ടിക്കാട്ടൂർ സ്വദേശി അനീഷ (18) എന്നിവരാണ് പിടിയിലായത്.
എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കുകയും പണം എടുക്കാൻ വരുന്നവരോട് പൈസ തരാമോ ഗൂഗിൾ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിക്കുകയുമായിരുന്നു
വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെഎസ്ആർടിസിക്ക് സമീപത്തെ എടിഎം കൗണ്ടറിൽ പണം സ്വീകരിക്കാൻ എത്തിയ യുവാവിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയോടെ മാനാഞ്ചിറയിൽ വച്ച് ഒരു സ്ത്രീയിൽ നിന്ന് 3,000 രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും പിന്നീട് കസബ പൊലീസിന് കൈമാറി.
Discussion about this post