ന്യൂഡൽഹി; ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ നിർണായക നീക്കവുമായി ബിജെപി രംഗത്ത്. ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ.
നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കൾ. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങൾ നിരാശയിലായിരുന്നു. ഹരിയാനയിൽ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കൾ പറഞ്ഞിരുന്നതും. അതിനിടയിലാണ് ഹരിയാനയിലെ ഫലം മാറിമറിയുന്നത്. കോൺഗ്രസിനെ മലയത്തിയടിച്ച് ബിജെപി മുന്നേറുകയായിരുന്നു. ഈ ഫലം മുൻ നിർത്തി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് സർക്കാർ രൂപീകരണത്തിനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് ബിജെപി.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്നിരിക്കുകയാണ് കോൺഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോൺഗ്രസ് ആഘോഷങ്ങൾ നിർത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തി.
രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോൺഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉൾപ്പെടെ വിതരണം ചെയ്ത് കോൺഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാൽ, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിർത്തിവെച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിർത്തിവെച്ചു.
Discussion about this post