ഛണ്ഡീഗഡ്: ട്വിസ്റ്റുകൾ നിറഞ്ഞുനിന്ന വോട്ടെടുപ്പിന് ഒടുവിൽ ഹരിയാനയിൽ മൂന്നാം തവണയും ബിജെപി ഭരണത്തിലേക്ക്. ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിറക പോയത് പാർട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി തകർന്നടിഞ്ഞു. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് 36 സീറ്റാണ് നേടാനായത്.
ആദ്യ മണിക്കൂറിലെ മുന്നേറ്റത്തിനിടെ തന്നെ കോൺഗ്രസ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങിയിരുന്നു. എക്സിറ്റ് പോളുകളും കോൺഗ്രസിന് വലിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചതോടെ ഫലം മാറിമറിഞ്ഞു. വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോൺഗ്രസ് പെട്ടെന്ന് താഴേക്ക് പോയി.
ഇടയ്ക്ക് ഇഞ്ചാടിഞ്ചായെങ്കിലും പിന്നീട് ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിച്ച് കുതിക്കുകയായിരുന്നു. തെക്കൻ ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപി തൂത്തു വാരി. ഡൽഹിക്ക് ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്.
യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചു. പഞ്ചാബുമായി ചേർന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിജയിക്കാനായത്. ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രിയായി പരിഗണിക്കുമെന്നാണ് സൂചന
Discussion about this post