കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി ലോറി ഉടമ മനാഫ്. പോലീസിൽ നൽകിയ പരാതിയിൽ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.
മതസ്പർധ വളർത്തുന്ന പ്രചാരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്. അതിനിടെ അർജുന്റെ കുടുംബം സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ നിന്നും മനാഫിനെ ഒഴിവാക്കും.
ചേവായൂർ പൊലീസിന് നൽകിയ മൊഴിയിൽ മനാഫിന്റെ പേര് പരാമർശിച്ചിരുന്നില്ല. തുടർന്നാണ് എഫ്‌ഐആറിൽ നിന്നും പേര് നീക്കം ചെയ്യാൻ തീരുമാനിച്ചത്.
അർജുന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങൾ മനാഫിനെതിരെ ചില ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. എന്നാൽ വൈകാതെ മനാഫ് അവരുമായി സംസാരിച്ച് തെറ്റിദ്ധാരണകൾ പരിഹരിച്ചിരുന്നു. എന്നാൽ അർജുന്റെ കുടുംബത്തിനും മനാഫിനും നേരെയുള്ള സൈബർ ആക്രമണം ഇപ്പോഴും തുടരുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കത്തിൽ മനാഫ് പറയുന്നു.
വർഗീയ പ്രചാരണങ്ങളടക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ചാണ് മനാഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
Discussion about this post