രാജ്കോട്ട്: രാജ്കോട്ടിൽ വിൽക്കാനായി സ്റ്റോർ റൂമിൽ സൂക്ഷിച്ച 8000 കിലോ സവോള മോഷണം പോയി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയിലേറെ വിലയുള്ള സവാളയാണ് പ്രതികൾ മോഷ്ടിച്ചത്.
33 വയസുള്ള കർഷകനും, 30 വയസുള്ള കച്ചവടക്കാരനും 45വയസുള്ള ഡ്രൈവറും ചേർന്നാണ് മോഷണം നടത്തിയത് എന്നതാണ് പൊലീസുകാരെ ഞെട്ടിച്ച വസ്തുത. മോർബി ജില്ലയിലെ വൻകനേർ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്.
മോഷ്ടിച്ചവരിൽ നിന്നും 3.11 ലക്ഷം രൂപയും 40 കിലോ സവോളയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് 3 ലക്ഷം രൂപ വില വരുന്ന ട്രെക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മോഷ്ടിച്ച സവാള വിൽപനയ്ക്ക് കൊണ്ട് പോകുമ്പോഴാണ് ഇവർ പിടിയിലായത്. പെട്ടന്ന് പണത്തിന് ആവശ്യം വന്നതുകൊണ്ടാണ് മറ്റാരോ ഗോഡൌണിൽ സൂക്ഷിച്ചിരുന്ന സവോള അടിച്ച് മാറ്റിയതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
35 വയസുള്ള ഇമ്രാൻ ബോറാനിയ എന്ന കർഷകൻ മറ്റൊരാളിൽ നിന്ന് വാടകയ്ക്ക് എടുത്ത് സ്റ്റോർ റൂമിൽ സൂക്ഷിച്ച് വച്ച സവാളയാണ് മോഷണം പോയത്. ഒക്ടോബർ 5ന് ഇത് വിൽക്കാനായി എത്തുമ്പോഴാണ് വിൽക്കാൻ വെച്ച സവാള നഷ്ടമായി എന്ന് വ്യക്തമായത്. ഇതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിക്കുന്നത്.
Discussion about this post