കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരളാസദസ്സിലെ വിവാദ പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
പ്രസ്താവനയിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. രക്ഷാ പ്രവർത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പരാതി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തേ നവകേരളയാത്രയ്ക്കിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ട് കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ട് നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തവരെ തടയുക മാത്രമാണ് ഗൺമാൻമാർ ചെയ്തത്. ഗൺമാൻമാർ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. പരാതിക്കാധാരമായ തെളിവുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ചാണ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ രണ്ട് ഗൺമാൻമാരെ ചോദ്യം ചെയ്തിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് അനിൽ കുമാർ, സന്ദീപ് എന്നീ ഗൺമാൻമാരെ ചോദ്യം ചെയ്തിരുന്നത്.
ഡിസംബർ 15നാണ് ആലപ്പുഴ ടൗണിൽവച്ച് യൂത്ത്‌കോൺഗ്രസ് – കെഎസ് യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിനെതിരെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാൻമാരാണ് പ്രവർത്തകരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷമാണ് തങ്ങളെ മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയത് രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാർശം വിവാദമായിരുന്നു.
Discussion about this post