റുവാണ്ട: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ മാർബർഗ് വൈറസ് പടരുകയാണ്. കഴിഞ്ഞമാസം അവസാനമാണ് ഇവിടെ വൈറസ് വ്യാപനം സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ 11 പേർ വൈറസ് ബാധിച്ച് മരിച്ചു. 46 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രോഗം ബാധിച്ചവരിൽ 80 ശതമാനം പേരും ആരോഗ്യപ്രവർത്തകരാണ്. മാർബർഗ് വൈറസിനെതിരെയുള്ള വാക്സിൻ ട്രയലും ക്ലിനിക്കൽ ടെസ്റ്റുകളും രാജ്യം ഉടൻ ആരംഭിക്കുമെന്ന് റുവാണ്ടയുടെ ആരോഗ്യമന്ത്രി അറിയിച്ചു.
എന്താണ് മാർബർഗ് വൈറസ് ബാധ?
1967-ൽ ജർമ്മനിയിലെ മാർബർഗ്, ഫ്രാങ്ക്ഫർട്ട് നഗരങ്ങളിലാണ് ആദ്യമായി ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉഗാണ്ടയിൽ നിന്ന് കൊണ്ടുവന്ന ആഫ്രിക്കൻ കുരങ്ങുകളിൽ നിന്നായിരുന്നു ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നു പിടിച്ചത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഘാന, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം എബോള വൈറസിന്റെ കുടുംബത്തിൽപ്പെട്ട മറ്റൊരു വൈറസ് ആണ് മാർബർഗ്. എന്നാൽ മാർബർഗ് വൈറസ് എബോളയേക്കാൾ അപകടകാരി ആണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ വൈറസ് രക്തക്കുഴലുകളുടെ ഭിത്തികൾക്ക് ക്ഷതം ഏൽപ്പിക്കുകയും ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്ന ഹെമറാജിക് ഫീവറിന് കാരണമാകുന്നു.
മാർബർഗ് വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്. ഒരാൾക്ക് ഈ വൈറസ് ബാധയുണ്ടായാൽ രണ്ട് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗം ഗുരുതരമാകുന്നവരിൽ രക്തസ്രാവമുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. വൈറസ് ഉള്ളിൽ പ്രവേശിച്ച് അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ആണ് ആളുകളിൽ രക്തസ്രാവം ഉണ്ടാകുന്നത്.
രോഗലക്ഷണങ്ങൾ
പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, വിശപ്പില്ലായ്മ, രക്തസ്രാവം, വയറുവേദന എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം തീവ്രമാകുന്നതിനനുസരിച്ച് പല രോഗികളിലും രക്തസ്രാവം കൂടും. മൂക്ക്, മോണ, സ്വകാര്യഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരെ രക്തസ്രാവം ഉണ്ടാകും. ഇത് പിന്നീട് രോഗിയുടെ സ്ഥിതി വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
വൈറസ് പടരുന്നത് എങ്ങനെ?
ഈ വൈറസ് എങ്ങനെയാണ് പടർന്നു പിടിക്കുന്നത് എന്നതിൽ വ്യക്തതയില്ല. ഗുഹകളിലും മറ്റുമായി കണ്ടുവരുന്ന പഴം തീനി വവ്വാലുകളുമായി സമ്പർക്കം പുലർത്തിയ ചില ആളുകൾക്ക് മാർബർഗ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീര സ്രവങ്ങൾ, നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാം. രോഗി ഉപയോഗിച്ച ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ എന്നിവ പോലും വൈറസ് വ്യാപനത്തിന് കാരണമാകാം എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഈ വൈറസ് വായുവിലൂടെ പകരില്ല.
രോഗം എങ്ങനെ തടയാം
മാർബർഗ് വൈറസ് രോഗത്തിന് വാക്സിനുകളോ ചികിത്സകളോ ലഭ്യമല്ല.മാർബർഗ് വൈറസിന് വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.കൂടാതെ കനേഡിയൻ സർക്കാരുമായും യൂറോപ്യൻ യൂണിയൻ്റെ ഹെൽത്ത് എമർജൻസി പ്രിപ്പേഡ്‌നെസ് ആൻഡ് റെസ്‌പോൺസ് അതോറിറ്റിയുമായും (HERA) സഹകരിച്ച് വാക്‌സിൻ ട്രയലുകൾക്കായി ഫണ്ട് അനുവദിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
Discussion about this post